മോഷണക്കേസ് പ്രതിയെന്ന് കരുതി ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; പൊലീസിന് എതിരെ പരാതി

തിരുവനന്തപുരത്ത് പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് പരാതി. മോഷണക്കേസിലെ പ്രതി ആണെന്ന് തെറ്റിദ്ധരിച്ച് ഓട്ടോ ഡ്രൈവറെ പിടി കൂടി മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ നട്ടെല്ലിന് പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓട്ടോ ഡ്രൈവറായ ആര്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രിയായിന്നു സംഭവം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കുമാര്‍ പറയുന്നു. മണക്കാട് സ്റ്റാന്‍ഡില്‍ വെച്ചാണ് പൊലീസ് പിടികൂടിയതെന്ന് കുമാര്‍ പറഞ്ഞു. ജീപ്പില്‍ വെച്ചും പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷവും മര്‍ദ്ദിച്ചുവെന്നാണ് കുമാറിന്റെ പരാതി.

കുമാറിന്റെ ഓട്ടോയുടെ പേരും പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഓട്ടോയുടെ പേരും ഒന്നാണ്. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. ആളുമാറി കസ്റ്റഡിയിലെടുത്ത കുമാറിനെ ചോദ്യം ചെയ്തു വിട്ടയച്ചുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.