ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്; യുഎസ് വിപണിയിൽ വൻ കുതിപ്പ്, ചൈനക്ക് 125 ശതമാനം അധിക തീരുവ

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. പകരം തീരുവ മരവിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. അതേസമയം ചൈനയ്ക്ക് മേൽ 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതായി ട്രംപ് അറിയിച്ചു.

ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ഇത് മൂന്നാം തവണയാണ് അമേരിക്ക ചൈനയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തുന്നത്. യുഎസ് ഉൽപ്പന്നങ്ങൾക്ക് അന്യായമായി ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്നടക്കം ആരോപിച്ചാണ് ട്രംപിന്റെ നടപടി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരളിന് ലിവിറ്റാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നുവെന്നും ഈ രാജ്യങ്ങൾ അമേരിക്കയുടെ വ്യാപാര സ്വാതന്ത്ര്യത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് ഡോണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കൻ പണം കൊണ്ട് മറ്റ് രാജ്യങ്ങളെല്ലാം സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ട്രംപ് പറയുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു. പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് ഭീമൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ പുത്തൻ നയത്തിന്റെ എറ്റവും വലിയ ഇര ചൈനയാണ്.