പികെ ശ്രീമതിയോടുള്ള ഖേദപ്രകടനം ഔദാര്യമാണെന്ന ബി ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു; ഒത്തുതീർപ്പ് രേഖ പുറത്ത്

സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം ഔദാര്യമാണെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു. ബി ഗോപാലകൃഷ്ണനും പി കെ ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തു തീർപ്പ് രേഖ പുറത്ത് വന്നു. കേസ് അവസാനിപ്പിച്ചത് മാധ്യമങ്ങൾക്ക് മുന്നിൽ ഖേദം പ്രകടിപ്പിക്കാമെന്ന ഉറപ്പിൻമേൽ ആണെന്ന് ഒത്ത് തീ‍ർപ്പ് രേഖയിൽ പറയുന്നു.

അതേസമയം ബി ഗോപാലകൃഷ്ണനെതിരെ പികെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഇന്നലെയാണ് ഒത്തുതീർപ്പായത്. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലായിരുന്നു തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്.

എന്നാൽ ഇതിന് പിന്നാലെ തന്‍റെ ഔദാര്യമാണ് ഖേദ പ്രകടനം എന്ന വാദവുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തി. പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞത് തന്‍റെ ഔദാര്യമെന്നായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ഖേദപ്രകടനം പികെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിരുന്നു. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്നും സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാൾ വിലയുണ്ടെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃകയാകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

എന്നാൽ ഈ വാദം തള്ളുന്നതാണ് തീർപ്പ് രേഖ. ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു. അതേസമയം ഖേദപ്രകടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി രംഗത്തെത്തി. ഗോപാലകൃഷ്‌ണൻ്റെ വാദങ്ങൾ തെറ്റാണെന്ന് പി കെ ശ്രീമതി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

Read more