'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

‘എമ്പുരാന്‍’ സിനിമയില്‍ 24 വെട്ട്. റീ എഡിറ്റഡ് ചെയ്യുന്ന ഭാഗങ്ങളുടെ സെന്‍സര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ മാറ്റുമെന്നും മൂന്ന് മിനിറ്റ് കളയുമെന്നുള്ള വിവരങ്ങള്‍ ആയിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 24 കട്ടുകള്‍ ഉണ്ടെന്നാണ് പുതിയ വിവരം.

ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു. ‘എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം, സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുകയാണ്. തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷ് എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. സിനിമ രാജ്യ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു, മതസ്പര്‍ദ്ധയ്ക്ക് വഴിയൊരുക്കുന്നു, ഗോദ്ര കലാപത്തെ അടക്കം തെറ്റായി കാണിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍.

Read more