സംസ്ഥാനത്ത് ബാറുകൾ ഇന്ന് മുതൽ തുറക്കും; ബിയറും വൈനും പാർസലായി നൽകും, വിദേശമദ്യം വിൽക്കില്ല

സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ തുറക്കും. ബാറുകളിൽ നിന്ന് ബിയറും വൈനും മാത്രം പാർസലായി നൽകും.വിദേശമദ്യം വിൽക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകൾ അടച്ചിട്ടത്.

എന്നാൽ ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർദ്ധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാൻ പോവുകയാണ്. കാലാവധി അവസാനിച്ചാൽ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാർ ഉടമകൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.

വെയര്‍ഹൗസ് ചാര്‍ജ് ബാറുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന് എട്ടില്‍ നിന്ന് 20 ശതമാനമായുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തിയത്. കോവിഡ് കാലത്തെ നഷ്‌ടം പരിഹരിക്കുന്നതിനാണ് ഇതെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്. ബെവ്‌കോ നടപടിയില്‍ പ്രതിഷേധിച്ച് ഒരാഴ്‌‌ചയാണ് ബാറുകള്‍ അടച്ചിട്ടിരുന്നത്.

ഇപ്പോഴത്ത മാര്‍ജിനില്‍ മുന്നോട്ടു പോവാനാവില്ലെന്നാണ് ബാര്‍ ഉടമകളുടെ നിലപാട്. നിലവില്‍ സ്റ്റോക്കുള്ള ബിയറിന്‍റെ കാലാവധി കഴിഞ്ഞാല്‍ വില്‍ക്കാനാവില്ല എന്നതിനാലാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ ബാര്‍ ഉടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്‌കോ എം ഡിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്‍റെ പാഴ്‌സല്‍ വില്‍പ്പന നഷ്‌ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതി സെക്രട്ടറി അറിയിക്കുകയായിരുന്നു.