ബാംഗ്ലൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു.
ബിനീഷിന്റെ ഭാര്യാപിതാവായ പ്രദീപിന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. നാലാം തിയതി രാവിലെ എട്ടരയോടെ തിരച്ചിൽ നടത്താൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നാണ് പരാതി. പത്തു വയസ്സുള്ള മൂത്ത കുട്ടിയെ അമ്മയെയും അനിയത്തിയെയും കാണാന്‍ അനുവദിച്ചില്ലെന്നും ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
പരാതി അന്വേഷിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ, ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസറോടും ബാലാവകാശ കമ്മീഷന്‍ നിർദേശം നൽകിയിട്ടുണ്ട്.
Read more
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ബിനീഷ് കോടിയേരിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന് കേരള പൊലീസ് ഇമെയില്‍ അയച്ചിരുന്നു. പൊലീസ് നേരിട്ട് ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയില്‍ അയച്ചിരിക്കുന്നത്.