യുഎസില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചേക്കും; ട്രംപിന് മറുപണി നല്‍കി ചൈന

അമേരിക്കയുടെ തീരുവയ്ക്ക് മറുപണിയുമായി ചൈന. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ ചൈനയ്ക്ക് മേല്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച 34 ശതമാനം അധിക തീരുവ കൂടി ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന് മറുപടിയുമായി ചൈന രംഗത്തെത്തിയത്.

യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 34 ശതമാനം അധിക തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതോടെ യുഎസില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില ക്രമാധീതമായി ഉയരുമെന്നാണ് വിലയിരുത്തലുകള്‍. ഏപ്രില്‍ 10 മുതല്‍ ചൈനയുടെ പുതുക്കിയ തീരുവ പ്രാബല്യത്തില്‍വരും. സമേറിയം, ടെര്‍ബിയം, സ്‌കാന്‍ഡിയം, യിട്രിയം തുടങ്ങിയ മീഡിയം-ഹെവി റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് ചൈന കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read more

ഏപ്രില്‍ നാല് മുതലാണ് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയിലുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. ബുധനാഴ്ചയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന തീരുവ സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്.