സത്യം തെളിയും, ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് കോടിയേരി

ഡി.എന്‍.എ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് ബിനോയി കോടിയേരി. ഹൈക്കോടയില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു ബിനോയ്.

ചൊവ്വാഴ്ച രാവിലെ ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധനയ്ക്കായുള്ള രക്ത സാമ്പിള്‍ ശേഖരിച്ചത്. രക്ത സാമ്പിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡി.എന്‍.എ ഫലം വന്നാല്‍ രഹസ്യരേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് ബോംബെ പൊലീസ് അറിയിച്ചു.