മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ സെന്‍സറിങ്ങില്‍ സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ക്ക് വീഴ്ച പറ്റിയതായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ആര്‍എസ്എസ് നാമനിര്‍ദേശം ചെയ്ത രണ്ട് അംഗങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം. ചിത്രത്തിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തില്‍ ആര്‍എസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ പ്രതികരിച്ചില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ബിജെപി പശ്ചാത്തലം ഇല്ലെന്നായിരുന്നു പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ആര്‍എസ്എസ് അംഗങ്ങള്‍ ബോര്‍ഡിലുണ്ടെങ്കില്‍ നടപടി വേണമെന്ന ആവശ്യം ചിലര്‍ യോഗത്തില്‍ ഉയര്‍ത്തി. വിഷയം പരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറഞ്ഞു.
Read more
കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍, ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് വ്യക്തമാക്കി. സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്നും എമ്പുരാനെതിരെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധീര്‍ പറഞ്ഞു. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ല. സിനിമാ ആസ്വാദകര്‍ എന്ന നിലയില്‍ ഓരോ വ്യക്തികളും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയും. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സുധീര്‍ പറഞ്ഞിരുന്നു.