കണക്ക് ചോദിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന പരിപാടി മുഖ്യമന്ത്രി ഒഴിവാക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് ദുരന്തത്തിന് മുന്‍പുള്ള എസ്ഡിആര്‍എഫ് ഫണ്ടിന്റെ കണക്കുകള്‍ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിന്റെ ഗുരുതരമായ കൃത്യവിലോപമാണ്.

കൃത്യമായ കണക്കുകള്‍ ഹൈക്കോടതിയില്‍ നല്‍കാതെ കേരളത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഹൈക്കോടതി പരാമര്‍ശം സംസ്ഥാന സര്‍ക്കാറിന്റെ കഴിവ് കേട് തെളിയിക്കുന്നതാണ്. വയനാടിന് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് കോടതി തന്നെ പറയുന്നത്. കണക്ക് ചോദിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന പരിപാടി ഇനിയെങ്കിലും മുഖ്യമന്ത്രി ഒഴിവാക്കണം.

കൃത്യമായ കണക്ക് തന്നാല്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥം നില്‍ക്കാമെന്ന നിലപാടെടുത്തത് സംസ്ഥാനത്തിന്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ്. വയനാട്ടില്‍ തകര്‍ന്ന വീടുകളുടെ എണ്ണവും നാശനഷ്ടങ്ങളുടെ വിവരങ്ങളും ആറുമാസമായിട്ടും തിട്ടപ്പെടുത്താന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. ഒരു വ്യക്തതയുമില്ലാത്ത കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്നും ഒരു രൂപ പോലും ഇതുവരെ വയനാടിന് വേണ്ടി ചിലവഴിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്തിന് വേണ്ടിയായിരുന്നു വയനാടിന്റെ പേരില്‍ സംഭാവനകള്‍ വാങ്ങിക്കൂട്ടിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സഹായധനം അനുവദിച്ചിട്ടും കേരളം പണം ചിലവഴിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.