കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല; ബിജെപി അധ്യക്ഷ സ്ഥാനം ഒരു ക്ലറിക്കല്‍ പോസ്റ്റ് മാത്രമാണെന്ന് സന്ദീപ് വാര്യര്‍

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആരുവന്നാലും അതൊരു ക്ലറിക്കല്‍ പോസ്റ്റായിരിക്കുമെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. സാധാരണക്കാരായ ഒരുപാട് പ്രവര്‍ത്തകരെ വഞ്ചിച്ചും പറ്റിച്ചും അവരെ തൊഴിലാളികളെ പോലെ കണക്കാക്കുന്ന പരിപാടിയാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയനേതൃത്വം വന്നതുകൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമില്ല. നേതൃത്വം പറയുന്ന കാര്യങ്ങള്‍ നടപ്പാക്കി കണക്കുകൊടുക്കുക എന്നതിനപ്പുറം കേരളത്തിലെ ദൈനംദിന രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം പറയാനോ അവര്‍ക്ക് സമയവും കഴിവുമില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കേരളത്തിലെ സുപ്രധാന കാര്യങ്ങളില്‍ ബിജെപി അഭിപ്രായം പറയാറില്ല. പറയുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും കേന്ദ്രം വിലക്കാറാണ് പതിവ്. പ്രത്യേകിച്ച് ഒരു അത്ഭുതവും കേരള ബിജെപിയില്‍ സംഭവിക്കാന്‍ പോകുന്നില്ല. വര്‍ഗീയ നിലപാടുകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യമെന്നും സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.

അതേസമയം രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോര്‍കമ്മറ്റി യോഗത്തിലാണ് തീരുമാനം.രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നാളെയാണ്.