ആലപ്പുഴയില്‍ പേപ്പട്ടി ആക്രമണം; നാട്ടുകാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു

ആലപ്പുഴയില്‍ പേപ്പട്ടി കടിച്ച് നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കായംകുളം വള്ളികുന്നത്ത് ആണ് പേപ്പട്ടി ആക്രമണം നടന്നത്. പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍, സഹോദരന്‍ രാമചന്ദ്രന്‍, പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഗംഗാധരന്‍, മറിയാമ്മ, രാജന്‍ എന്നിവരുടെ മുഖത്താണ് നായ ആക്രമണത്തില്‍ പരിക്കേറ്റത്. രാമചന്ദ്രന്റെ കാലിലാണ് കടിയേറ്റത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായകള്‍ ഉള്‍പ്പടെ ഒട്ടധികം വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.