ഇന്ത്യന്‍ ടീമില്‍ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെപ്പോലെ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരം ആരാണെന്ന് പറഞ്ഞ് പാക് ഇതിഹാസ താരം വസീം അക്രം. ഷാഹിദ് അഫ്രീദിയെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ഇന്ത്യൻ താരം അഭിഷേക് ശര്‍മയാണെന്നാണ് അക്രം പറയുന്നത്.
പ്രതിഭാശാലിയായ താരമാണ് അഭിഷേക്. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണവന്‍. 37 പന്തില്‍ സെഞ്ച്വറി നേടാന്‍ അവന് സാധിച്ചിട്ടുണ്ട്. ബൂം ബൂം അഫ്രീദിയാണവന്‍. അവന്റെ ബാറ്റിംഗ് പ്രകടനം ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. അസാധ്യമായി പവര്‍ ഷോട്ട് കളിക്കാന്‍ അവന് ശേഷിയുണ്ട്. അവന്‍ മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകണം- അക്രം പറഞ്ഞു.
അഭിഷേകിനെ ഞാന്‍ ദുബായില്‍വെച്ച് കണ്ടിരുന്നു. എന്നാല്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് ആളെ മനസിലായില്ല. യുവതാരം എന്റെ അടുത്തേക്ക് വരികയും ഞാന്‍ അഭിഷേക് ശര്‍മയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ചോദിച്ചു ഇംഗ്ലണ്ട് ടീമിനെ തല്ലിപ്പറത്തിയ ആ അഭിഷേക് ശര്‍മയാണോയെന്ന്.
അതെ എന്ന് അവന്‍ പറഞ്ഞു. മിടുക്കനാണെന്ന് ഞാന്‍ അഭിനന്ദിക്കുകയും ചെയ്തു. അവന്റെ ബാറ്റിംഗിന്റെ ചില വീഡിയോകള്‍ ഞാന്‍ കണ്ടിരുന്നു. വലിയ ഭാവി അവനുണ്ടെന്നാണ് കരുതുന്നത്. വരുന്ന 15-20 വര്‍ഷമെങ്കിലും അവനെ ഇന്ത്യയുടെ ജേഴ്‌സിയില്‍ കാണാനാവുമെന്നാണ് കരുതുന്നത്- അക്രം കൂട്ടിച്ചേർത്തു.