ബസ്, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധന; മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചതായും മന്ത്രി അറിയിച്ചു.

അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. വിഷയത്തില്‍ ഒരു കമ്മീഷനെ വെച്ച് വിശദമായ പഠനം നടത്താനായിരുന്നു തീരുമാനിച്ചത്. സമിതിയെ ചുമതലപ്പെടുത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് തയ്യാറാക്കും. സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ഇടതുമുന്നണിയോഗം അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കി. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം കൂടും.

Read more

ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കും. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ടാക്‌സി നിരക്കിലും വര്‍ധനവുണ്ട്. 1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ചാര്‍ജ് 225 രൂപയും താഴെയുള്ളവയ്ക്ക് 200 രൂപയുമാക്കി നിജപ്പെടുത്തൊനുമാണ് തീരുമാനിച്ചത്.