കോവിഡ് മൂന്നാം തരംഗം; സമൂഹ അടുക്കള വീണ്ടും; ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വീണ്ടും സമൂഹ അടുക്കള തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പറഞ്ഞു.

പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ യോഗം വിളിക്കണം.

ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള തീരുമാനം. ഇതിനാലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാന്‍ ആലോചിക്കുന്നത്.

കൊവിഡ് വ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.