'മർദ്ദനത്തിന് പ്രകോപനമായത് കോൾ വെയ്റ്റിംഗ്, പ്രതി സംശയരോഗി'; അബോധാവസ്ഥയിലായ പെൺകുട്ടിയുടെ അരികിൽ അനൂപ് നിന്നത് 4 മണിക്കൂർ

ചോറ്റാനിക്കരയിൽ പെൺകുട്ടിയെ വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മർദ്ദനത്തിന് പ്രകോപനമായത് കോൾ വെയ്റ്റിംഗ് ആണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതേസമയം പ്രതി സംശയരോഗിയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

പെൺകുട്ടിയെ പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്. ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് പൊലീസ് പറയുന്നു. പോക്സോ അതിജീവിതയായ പെൺകുട്ടി ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രതിയായ അനൂപ് സംശയരോ​ഗിയാണെന്ന് പൊലീസ് പറയുന്നു.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്. മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. സംഭവം നടന്ന ദിവസവും അനൂപ് വീട്ടിലത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും അനൂപ് കരുതി. അതിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിക്ക് അതിക്രൂരമായ രീതിയിൽ മർദനമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോ​ഗിച്ചാണോ മർദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടി ഷാളുപയോ​ഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഈ ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി മരുന്നികളോട് പ്രതികരിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Read more