"നിവേദനം നൽകാൻ ആഫ്രിക്കയിലേക്ക് പോകാൻ കഴിയില്ല", പി.വി അൻവറിന്റെ ഓഫീസിന് മുന്നിലൊട്ടിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍

എം.എല്‍.എക്ക് നിവേദനം നല്‍കാനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ എം.എൽ.എ നാട്ടിലില്ലെന്നറിഞ്ഞതോടെ എം.എല്‍.എ ഓഫീസിലെ ചുവരില്‍ നിവേദനം ഒട്ടിച്ച് പ്രതിഷേധിച്ചു. നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്റെ ഓഫീസിന് മുന്നിലാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ നിവേദനം ഒട്ടിച്ച് പ്രതിഷേധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് സ്വന്തം ബിസിനസ് ആവശ്യങ്ങള്‍ക്കായി വീണ്ടും ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണ് പി.വി അന്‍വര്‍.

എസ്എസ്എല്‍സി, പ്ലസ്ടു ഗ്രേസ് മാർക്ക് പുനസ്ഥാപിക്കാൻ
ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം കൊടുക്കാനെത്തിയതായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകര്‍. എല്ലാ എംഎല്‍എമാര്‍ക്കും നേരിട്ട് എത്തിയാണ് ഇവർ നിവേദനം നൽകിയത്. എന്നാല്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല എന്നും ആഫ്രിക്കയിൽ പോയിരിക്കുകയാണെന്നും മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്നാണ് നിവേദനം ഓഫീസിലെ ചുമരില്‍ ഒട്ടിച്ച്‌ പ്രതിഷേധം അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായി മത്സര രംഗത്ത് ഇറങ്ങുന്നതിന് മുമ്പ് രണ്ടരമാസം പി.വി അന്‍വര്‍ ആഫ്രിക്കയിലായിരുന്നു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയിൽ വ്യവസായ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മലയാളികള്‍ ഉൾപ്പെടെ നിരവധി പേർക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും നേരത്തെ പി.വി അന്‍വര്‍ പറഞ്ഞിരുന്നു. തന്റെ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും ബാധ്യതകള്‍ വര്‍ധിച്ചതും കാരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും എം.എല്‍.എ വ്യക്തമാക്കിയിരുന്നു.

“സ്വർണ്ണ ഖനന തിരക്കിനിടയിൽ ആഫ്രിക്കയിൽ നിന്ന് നാട്ടിൽ വന്ന് മത്സരിച്ച് ജയിച്ച് ആഫ്രിക്കയിലേക്ക് തന്നെ തിരിച്ച് പോയ പി.വി അൻവർ എം.എൽ.എ-ക്ക് ഒരു നിവേദനം നൽകാൻ ആഫ്രിക്കയിലേക്ക് പോകാൻ കഴിയില്ല. അത്കൊണ്ട്, ക്യാമ്പ് ഓഫീസിന്റെ ബോർഡിൽ ഒട്ടിച്ച് വെച്ചിട്ടുണ്ട് കിട്ടി ബോധിക്കുമെന്ന് വിശ്വസിക്കുന്നു” എന്ന് എം.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് പി.കെ നവാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Read more