ബോളിവുഡിലെ പ്രശസ്‌ത സംവിധായികയും കൊറിയോഗ്രാഫറും തിരക്കഥാകൃത്തുമൊക്കെയാണ് ഫറാ ഖാൻ. താരം ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത് അതിശയിപ്പിക്കുന്ന മേക്കോവറിൻ്റെ പേരിലാണ്. വണ്ണംകുറയ്ക്കാൻ ഫറയെ സഹായിച്ച ഭക്ഷണശീലത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അവരുടെ ഫിറ്റ്‌നസ് ട്രെയിനറായ യോഗേഷ് ഭട്ടേജ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടേയാണ് യോഗേഷ് ഇതേക്കുറിച്ച് പങ്കുവെച്ചത്.
പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ ഫറ പോയില്ല എന്നതാണ് പ്രധാനമായും അവർ ചെയ്തതെന്ന് യോഗേഷ് പറയുന്നു. അനാരോഗ്യകരമായി ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തില്ല. അതിനുപകരം പരിമിതമായ അളവിൽ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുകയാണ് ചെയ്‌തതെന്ന് യോഗേഷ് പറഞ്ഞു. വർക്കൗട്ടിന്റെ കാര്യത്തിലും ഫറ വിട്ടുവീഴ്‌ച ചെയ്‌തില്ലെന്നും യോഗേഷ് പറഞ്ഞു.
തുടക്കത്തിൽ മടിയായിരുന്നുവെങ്കിലും പതിയേ ജിമ്മിൽ പോയുള്ള വർക്കൗട്ട് ശീലമാക്കി. ചിലപ്പോഴൊക്കെ ദിവസവും രണ്ടുരീതിയിലുള്ള വർക്കൗട്ട് ചെയ്‌തുവന്നു. രാവിലെ ജിമ്മിൽ നിന്നുള്ള വർക്കൗട്ടും വൈകുന്നേരം പൂളിൽ നിന്നുള്ള ഹൈഡ്രോ വർക്കൗട്ടും. രാവിലെ ഒമ്പതേകാലിന് ജിമ്മിലെ വർക്കൗട്ടും വൈകുന്നേരം 4.30-ന് ഹൈഡ്രോ വർക്കൗട്ടും ചെയ്യും എന്നാണ് യോഗേഷ് പറയുന്നത്. വർക്കൗട്ട് തുടരുന്നതിനിടെ സ്വാഭാവികമായുണ്ടാകുന്ന വിരസതയിലേക്ക് ഫറ പോയപ്പോൾ മറ്റൊരുവഴിയും യോഗേഷ് കണ്ടെത്തി.
ജിമ്മിലെ ട്രെഡ്‌മിൽ വർക്കൗട്ടിന് പകരം പടികൾ കയറുക എന്നതായിരുന്നു അത്. ആദ്യത്തെ ദിവസം രണ്ട് നില ചവിട്ടികയറുകയാണ് ചെയ്‌തത്. ഓരോ ദിവസവും ഓരോ നില കൂട്ടണമെന്നതായിരുന്നു തൻ്റെ നിർദേശം. അങ്ങനെ ഫറ 28 നില വരെ പടികൾ കയറുകയുണ്ടായെന്നും യോഗേഷ് പറയുന്നു. 21-21-21 എന്ന രീതിയിലുള്ള വർക്കൗട്ടാണ് താൻ ഫറയ്ക്ക് നിർദേശിച്ചതെന്നും യോഗേഷ് പറയുന്നുണ്ട്. 63 ദിവസത്തെ 21 ദിവസമടങ്ങിയ മൂന്നുഘട്ടങ്ങളാക്കി തിരിച്ചുള്ള വർക്കൗട്ട് രീതിയാണിത്.
ആദ്യത്തെ ഇരുപത്തിയൊന്ന് ദിവസത്തിൽ ചെറുവ്യായാമങ്ങളാണ് ചെയ്യുക. വാം അപ്, സ്ട്രെച്ചിങ് എന്നിവ ചെയ്ത് സ്ഥിരത നിലനിർത്തുകയും കടുത്ത വ്യായാമങ്ങളിലേക്ക് പ്രാപ്‌തമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. രണ്ടാമത്തെ 21 ദിവസക്കാലയളവിൽ വ്യായാമത്തിൻ്റെ തീവ്രത കൂട്ടും. അൽപംകൂടി വെല്ലുവിളി നിറഞ്ഞ വർക്കൗട്ടുകളാണ് ഇവിടെ നൽകുക. സ്റ്റാമിന ഉണ്ടാക്കിയെടുക്കലാണ് ഈ ഘട്ടത്തിൻ്റെ ലക്ഷ്യം. അവസാനത്തെ 21 ദിവസത്തിൽ കഠിനമായ വർക്കൗട്ടുകൾ നൽകും. ഈ ഘട്ടത്തിൽ മനസ്സും ശരീരവും കടുത്ത വ്യായാമങ്ങൾ ചെയ്യാൻ സജ്ജമായിരിക്കുമെന്നും യോഗേഷ് പറയുന്നു.