ബാലചന്ദ്രകുമാറിനെതിരായ കേസ്; അറസ്റ്റ് വൈകുന്നതില്‍ ഒത്തുകളി, മുഖ്യമന്ത്രിക്ക് പരാതി നല്‍കും

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന കേസില്‍ അന്വേഷണം വൈകുന്നതായി പരാതിക്കാരിയുടെ ആരോപണം. കേസെടുത്ത് രണ്ട് മാസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ യുവതി പ്രതിഷേധം അറിയിച്ചു. തിങ്കളാഴ്ച്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് യുവതി പരാതി നല്‍കും.

കേസില്‍ ബാലചന്ദ്രകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് വൈകുന്നത് പൊലീസിന്റെ ഒത്തുകളിയാണെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതായി അവരുടെ അഭിഭാഷകയും പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിയ്ക്ക് പരാതി ന്ല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് കണ്ടപ്പോഴാണ് താന്‍ നേരിട്ട ദുരനുഭവം തുറന്ന് പറയാന്‍ തോന്നിയതെന്നാണ് യുവതി പറഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിക്കും എന്ന് ഭയന്നാണ് പരാതിപ്പെടാതെ ഇരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

Read more

അതേസമയം ദിലീപിനെതിരെ രംഗത്ത് വന്നതിന് തനിക്കെതിരെ വ്യാജ പരാതി ഉന്നയിക്കുകയാണെന്നാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയത്.