ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം സെസ് ഒഴിവാക്കണം; ജി.എസ്.ടി അല്ല പരിഹാരമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

പെട്രോൾ, ഡീസൽ, മറ്റ് പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച തീരുമാനം ജി.എസ്.ടി കൗൺസിൽ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ കേരളം ശക്തമായി എതിർക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ.

രാജ്യത്തെ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നതല്ല പരിഹാരമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സെസ് ഒഴിവാക്കിയാൽ ഇന്ധനവില 70ന് അടുത്തെത്തുമെന്നും വെള്ളിയാഴ്ചത്തെ ജി.എസ്.ടി കൗൺസിൽ ​യോ​ഗത്തിൽ തീരുമാനത്തെ കേരളം ശക്തമായി എതിർക്കുമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ് ഇന്ധന നികുതിയാണ്. ജി.എസ്.ടിയിൽ വന്നാൽ നികുതി പകുതിയായി കുറയും. ആശുപത്രികളുടെ നവീകരണം, റോഡ്, പാലം നിർമ്മാണങ്ങൾ, സർക്കാർ ഉദ്ദ്യോ​ഗസ്ഥരുടെ ശമ്പളം എന്നിവയ്ക്ക് എല്ലാം സർക്കാർ ബുദ്ധിമുട്ടും.

ഇന്ധനവില ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കുന്നത് വില കുറയുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കേന്ദ്രം സെസ് കുറച്ചാൽ മാത്രം ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്.ടി കൗൺസിലിൻറെ നാൽപ്പത്തിയഞ്ചാമത് യോഗം വെള്ളിയാഴ്ച ലക്നൗവിലാണ് നടക്കുന്നത്. പെട്രോൾ ഡീസൽ, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തലാണ് പ്രധാന അജണ്ട