സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ട്രാഫിക് സംസ്‌കാരം കൂടുതല്‍ അക്രമാസക്തമാകുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ കൊച്ചിയിലെ നിരത്തുകള്‍ കൊലക്കളമാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കടവന്ത്രയില്‍ കഴിഞ്ഞ ദിവസം സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികനെ കാര്‍ യാത്രക്കാരന്‍ ഇടിച്ചിട്ട സംഭവത്തില്‍ കാല്‍നട യാത്രക്കാരായ വിനോദ സഞ്ചാരികള്‍ക്കും ഗുരുതര പരിക്ക്.

ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവും ഭാര്യ ജയ്‌സെല്‍ ഗോമസിനുമാണ് കാറിടിച്ച് പരിക്കേറ്റത്. സെന്റ് അല്‍ഫോന്‍സ പള്ളി സന്ദര്‍ശിച്ച ശേഷം കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന ഹോട്ടലിലേക്കു നടന്നു പോകുന്നതിനിടെയാണ് കാര്‍ വന്നിടിക്കുന്നത്. വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മടങ്ങിപ്പോകാനിരിക്കെയാണ് വാഹനം ഇടിച്ചത്. ചാലക്കുടി സ്വദേശിയായ യാസിര്‍ ആണ് അമിതമായി മദ്യപിച്ച് ബൈക്ക് യാത്രികനെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എംജി റോഡില്‍നിന്ന് സഹോദരന്‍ അയ്യപ്പന്‍ റോഡിലേക്കു തിരിയുന്ന പള്ളിമുക്ക് ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിന്റെ ഭാഗത്ത് ബൈക്ക് യാത്രികന്‍ സൈഡ് നല്‍കിയില്ലെന്നതാണ് കാരണം.

തുടര്‍ന്ന് ബൈക്ക് യാത്രികനെ പിന്തുടര്‍ന്ന് ഇടിച്ചിടുകയായിരുന്നു. എസ്എ റോഡ് പാലമിറങ്ങി അതിവേഗത്തില്‍ മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് ഇടിച്ച് നിന്നു.

ഇതിനിടെയാണ് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. യാസിര്‍ ബൈക്കിടിച്ച് ഇട്ടതോടെ ബൈക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ സുഹൃത്തുക്കള്‍ വാഹനം തടഞ്ഞിട്ടു. പ്രതിയ്‌ക്കൊപ്പം ഒരു യുവതിയും രണ്ടു യുവാക്കളും ഉണ്ടായിരുന്നു. ഇവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. അപകട ശേഷം കാറില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതിയും സംഘത്തെയും കടവന്ത്ര പൊലീസ് പിടികൂടി.

Read more