നടന്നത് കൊടും ക്രൂരത, കേസിൽ 40 സാക്ഷികളും 32 രേഖകളും; കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. അന്വേഷണം സംഘം ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം നൽകുന്നത്. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ആതുര സേവനത്തിന് മാതൃകയാകേണ്ടവർ ചെയ്തത് കൊടിയ പീഡനമാണ്. നടന്നത് കൊടും ക്രൂരതയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പ്രതികളായ വിദ്യാർത്ഥികളുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിൻറെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

റാഗിം​ഗിനെ കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം പറയുന്നു. ലഹരി ഉപയോഗത്തിന് പ്രതികൾ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർത്ഥികളിൽ നിന്നാണ്. ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവാണ്. പ്രതികൾ തന്നെ പകർത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിങ്ങിൻറെ കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കേസിൽ അഞ്ച് പ്രതികൾ മാത്രമാണ് ഉള്ളത്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളേജ് അധികൃതർക്കോ ഹോസ്റ്റൽ ചുമതലക്കാർക്കോ അറിയില്ലായിരുന്നു. ഇരകളായ വിദ്യാർത്ഥികൾ മുമ്പ് കോളേജിൽ പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവർക്കാർക്കും കേസിൽ പങ്കിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. റാഗിംഗ് കേസിലെ അഞ്ച് പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് കുറ്റപത്രത്തിൽ പരാമർശിക്കുന്നു.