സിപിഎം സമ്മേളനത്തില്‍ 24ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ 'തമ്മിലടിച്ചു'; ചാനലില്‍ ഇന്റേണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ചീഫ് എഡിറ്റര്‍; പരിഗണനയുടെ കട അടയ്ക്കുകയാണെന്ന് ശ്രീകണ്ഠന്‍ നായര്‍

കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് 24 ന്യൂസില്‍ പൊട്ടിത്തെറി. സമ്മേളന സ്ഥലത്തേക്ക് അയച്ച റിപ്പോര്‍ട്ടര്‍മാര്‍ തമ്മിലുണ്ടായ ഈഗോയില്‍ ചാനലില്‍ വാര്‍ത്തകള്‍ കൃത്യമായി എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് എഡിറ്റര്‍ കൂടിയായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്.

24 ന്യൂസിന്റെ തിരുവനന്തപുരം റീജിയണല്‍ ബ്യൂറോ ചീഫായ ആര്‍ ശ്രീജിത്തും, കോഴിക്കോട് റീജണല്‍ ബ്യൂറോ ചീഫായ ദീപക് ധര്‍മ്മടവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ശ്രീകണ്ഠന്‍ നായര്‍ ഇടപെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി അദേഹം 24 ന്യൂസില്‍ ഇന്റേണല്‍ എമര്‍ജന്‍സി’ പ്രഖ്യാപിക്കുകയാണെന്നുള്ള സന്ദേശവും നല്‍കി.

ചാനലിലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശ്രീകണ്ഠന്‍ നായര്‍ ഇരുവര്‍ക്കുമെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയത്. സംസ്ഥാന കമ്മറ്റിയില്‍ നിന്നു ഒഴിവായ എകെ ബാലന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ ആ സ്ഥലത്ത് ഉണ്ടായിരുന്ന ശ്രീജിത്തും ദീപക് ധര്‍മടവും ഇക്കാര്യം അറിയിച്ചില്ലെന്നും മീഡിയ വണ്‍ അത് എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്‌തെന്നും എസ്‌കെഎന്‍ പറഞ്ഞു.

ആര്‍ ശ്രീജിത്തിന് ഏകോപിപ്പിക്കാനുള്ള കപ്പാസിറ്റിയില്ലെന്ന് എനിക്ക് വ്യക്തമായി, അത് ദീപക് ധര്‍മ്മടം കൃത്യമായി വിനിയോഗിച്ചുവെന്നും അദേഹം പറഞ്ഞു. സീനിയര്‍ ആയിട്ടുള്ള ആളുകളുടെ ചക്കളത്തി പോരാട്ടമാണ് കൊല്ലത്ത് നടന്നത്. ഇതിനാണോ സ്ഥാപനം ഇത്രയും പണവും നല്‍കി ആളുകളെ അങ്ങോട്ട് അയച്ചത്. ഇതില്‍ ശ്രീജിത്തും ദീപക് ധര്‍മടവും മറ്റു നാലുപേരും കൃത്യമായി എന്നെ അറിയിക്കണം.

സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത് എന്നുള്ളത് എനിക്ക് ഭയങ്കരമായിട്ട് സംശയം തോന്നുകയാണ്. ഈഗോ നിങ്ങള്‍ക്ക് പിന്നെ പിടിക്കാമായിരുന്നല്ലോ, സ്ഥാപനം നന്നായി പോകട്ടെന്നുള്ളതല്ലേ വേണ്ടത്, നമ്മളീ മത്സരത്തിന്റെ മുനമ്പില്‍ ലീഡ് ചെയ്യുന്ന സമയത്ത്, കൊല്ലത്ത് പോയിക്കിടന്ന് ഇങ്ങനൊക്കെയുള്ള പോരാട്ടങ്ങള്‍ നടത്തുന്നവര് ഈ സ്ഥാപനത്തോട് ചെയ്യുന്ന ദ്രോഹമെന്താണെന്ന് ഇവരൊക്കെ ആലോചിക്കുന്നുണ്ടോ?

ഞാനിപ്പോ ഇത്രമാത്രമേ പറയുന്നുള്ളൂ, മെന്റലി ഞാന്‍ വളരെ രോഷത്തിലാണെന്ന് കൂടി നിങ്ങള്‍ മനസിലാക്കണമെന്നും ശ്രീകണ്ഠന്‍ നായര്‍ സന്ദേശത്തില്‍ പറഞ്ഞു. ആറുലൈവ് ബാഗ് ഉള്ള തിരുവനന്തപുരത്ത് നിന്നും ആശാവര്‍ക്കര്‍മാരുടെ വീഡിയോ പോലും എടുത്ത് അയക്കാനായില്ലെന്നും പരിഗണനയുടെ കട താന്‍ അടക്കുകയാണെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

നിലവില്‍ ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) 24 വലിയ തിരിച്ചടികള്‍ നേരിടുന്നതിനാലാണ് ചീഫ് എഡിറ്റര്‍ കൂടിയായ ശ്രീകണ്ഠന്‍ നായര്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സമ്മേളനം നടന്ന ആഴ്ചയില്‍ ബാര്‍ക്കില്‍ മൂന്നാം സ്ഥാനത്ത് ഏത്താനെ 24 ന്യൂസിന് സാധിച്ചുള്ളൂ. 77 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാം സ്ഥാനത്തുള്ളത്.

രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. 67 പോയിന്റാണ് അവര്‍ ബാര്‍ക്കില്‍ നേടിയത്. അടുത്തിടെ രണ്ടാം സ്ഥാനം കൃത്യമായി നിലനിര്‍ത്തിയിരുന്ന 24ന്യൂസിന് റിപ്പോര്‍ട്ടറിന്റെ പുതുമുഖത്തോട് കൂടിയുള്ള വരവ് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ടിആര്‍പിയില്‍ 62 പോയിന്റ് നേടാനെ ചാനലിന് കഴിഞ്ഞുള്ളൂ. 37 പോയിന്റുമായി മനോരമ ന്യൂസ് നാലാമതും 30 പോയിന്റുമായി മാതൃഭൂമി ന്യൂസ് ടിആര്‍പിയില്‍ അഞ്ചാമതുമാണ്.

17 പോയിന്റുമായി ആറാം സ്ഥാനത്തുള്ളത് ആര്‍എസ്എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജനം ടിവിയാണ്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് 13 പോയിന്റുമായി ഏഴാം സ്ഥാനത്തും 12 എോയിന്റുമായി ന്യൂസ് 18 കേരള ഏട്ടാം സ്ഥാനത്തുമാണുള്ളത്. കേവലം ഏഴ് പോയിന്റുകള്‍ മാത്രമുള്ള ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലാണ് ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍.