വയനാട് പുനരധിവാസം തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും; ജനം ഒപ്പം നിന്നാല്‍ ഒരു ദുരന്തത്തിനും കേരളത്തെ തോല്‍പ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നം ഒപ്പം നില്‍ക്കുകയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു വെല്ലുവിളിക്കും ദുരന്തങ്ങള്‍ക്കും കേരളത്തെ തോല്‍പ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കഴിഞ്ഞ വര്‍ഷം ഉണ്ടായ വന്‍ പ്രകൃതി ദുരന്തം ബാധിച്ചവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനം ഒപ്പം നില്‍ക്കുകയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു ദുരന്തത്തിനും കേരളത്തെ തോല്‍പ്പിക്കാനാകില്ല. ഒരു വെല്ലുവിളിക്കും നമ്മെ തകര്‍ക്കാനാകില്ല. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്നതാണ് വയനാട് പുനരധിവാസം നല്‍കുന്ന സന്ദേശം.

അസാധ്യമെന്ന് കരുതിയ ഈ ദൗത്യം എങ്ങനെ സാധ്യമാക്കി? നമ്മുടെ ജനതയുടെ ഒരുമയും ഐക്യവും എന്നാണ് അതിന് ഉത്തരം. ജനസമൂഹത്തിന്റെ മനുഷ്യത്വത്തിനൊപ്പം സര്‍ക്കാരും കൂടെ നിന്നപ്പോള്‍ അസാധ്യമായത് സാധ്യമായി.

ദുരന്തവേളയിലെ അസാധാരണമായ രക്ഷപ്രവര്‍ത്തനത്തിനും രക്ഷപ്പെട്ടവരെ സഹായിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനത്തിനും കുടുക്ക പൊട്ടിച്ചു സമ്പാദ്യം നല്‍കിയ കുട്ടികള്‍ മുതല്‍ പ്രവാസികളോട് വരെ നന്ദി പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെല്ലാം ഒരുമിച്ചു നിന്നു.

ദുരന്തമുഖത്ത് പുനരധിവാസം സര്‍ക്കാര്‍ പ്രധാനമായി കണ്ടപ്പോള്‍ വലിയ സ്രോതസ്സായി പ്രതീക്ഷിച്ചിരുന്നത് കേന്ദ്രസഹായം ആയിരുന്നു. എന്നാല്‍ 2221 കോടി രൂപ പുനരധിവാസത്തിന് കണക്കാക്കിയപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല. നല്‍കിയ 529 കോടി രൂപയാകട്ടെ വായ്പയാണ്. അത് തിരിച്ചു കൊടുക്കേണ്ട തുകയാണ്.

വെറുതെ വീട് നിര്‍മ്മിക്കല്‍ അല്ല ടൗണ്‍ഷിപ്പില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന വീടുകളും കെട്ടിടങ്ങളുമാണ് ടൗണ്‍ഷിപ്പില്‍ ഉയരുക. വീടിന് പുറമെ, സമൂഹ്യ ജീവിതത്തിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടാവും. അങ്കണവാടി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സ്‌പോര്‍ട്‌സ് ക്ലബ്, അങ്ങാടി തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉണ്ടാകും.

ടൗണ്‍ഷിപ്പില്‍ ഒതുങ്ങാതെ പുനരധിവാസത്തിനുള്ള തുടര്‍പരിപാടികളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഇരയായവര്‍ക്ക് ഇതേ വരെ 25.64 കോടി രൂപയാണ് പണമായി വിവിധ ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നടന്ന് 32ാം ദിവസം തന്നെ ദുരന്തത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനം മേപ്പാടി സ്‌കൂളില്‍ പുനരാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള ബാങ്ക് ദുരിതബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളി. ദേശസാല്‍കൃത ബാങ്കുകളും കടം എഴുതിത്തള്ളാനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം വഴി മണ്ണില്‍ പുതഞ്ഞ 630 പേരെ ജീവനോടെ രക്ഷപ്പെടുത്താനും 1300 ഓളം പേരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റാനും സാധിച്ച അഭൂതപൂര്‍വ്വമായ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തമുഖത്ത് നടന്നത്. ദുരന്തത്തില്‍പ്പെട്ട് ചെളിയില്‍ ആണ്ടുപോയ വെള്ളാര്‍മല സ്വദേശി അവ്യക്ത് എന്ന ബാലന്‍ ഒരുതരത്തില്‍ ആധുനിക വൈദ്യശാസ്ത്രം പുനര്‍ജനിപ്പിച്ച കുട്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വയനാട് പുനരധിവാസത്തിന് ജനങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന wayanadtownship. kerala.gov.in എന്ന പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

കര്‍ണാടക സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തതനുസരിച്ചു വയനാട് പുനരധിവാസത്തിന് 100 വീടുകള്‍ നിര്‍മ്മിക്കാനായി 20 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ (100 വീടുകള്‍), നാഷണല്‍ സര്‍വീസ് സ്‌കീം (10 കോടി) എന്നിവരുടെ വാഗ്ദാനങ്ങളും മുഖ്യമന്ത്രി സൂചിപ്പിച്ചു.