കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സംസ്ഥാനമാക്കും; രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനവും ഇവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ല്‍ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാല്‍ രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനവും ഇവിടെയാണ്. ചില ജീവിവര്‍ഗങ്ങളുടെ കാര്യമെടുത്താല്‍ അവയുടെ 80 ശതമാനത്തോളം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി / ജൈവവൈവിധ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള വികസന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ഈ ഭൂമി നമുക്ക് മാത്രമുള്ളതല്ല വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്ത എപ്പോഴും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവവിഭവങ്ങളുടെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെ സംരക്ഷണവും. തലമുറകളായി കൈമാറിവരുന്ന നമ്മുടെ പരമ്പരാഗത അറിവുകള്‍ ജൈവവൈവിധ്യ നിയമപ്രകാരം സംരക്ഷിക്കുന്നതിനായി ഡിജിറ്റല്‍ ലൈബ്രറി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക ജൈവവൈവിധ്യ കര്‍മ്മപദ്ധതിയില്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് ഗൗരവമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പ് വളരെയഥികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ്. ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അനന്തരഫലങ്ങള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളവും ഇതില്‍നിന്ന് മുക്തമല്ല. അതിതീവ്രമഴ, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയേയും തകര്‍ക്കുന്നു. പ്രകൃതി സംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ അനുഭവങ്ങള്‍ കാട്ടിത്തരുന്നു എന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാര്‍ഡ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ബി.എം.സി.യും രണ്ടാം സ്ഥാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് ബി.എം.സി.യും കരസ്ഥമാക്കി. കുട്ടികളുടെ സംസ്ഥാനതല ജൈവവൈവിധ്യ കോണ്‍ഗ്രസിലെ വിജയികള്‍ക്കും യൂത്ത് ഐഡിയേഷന്‍ ചലഞ്ച് വിജയികള്‍ക്കും മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.