'നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും'; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍

ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഒരു സെഞ്ച്വറി നേടിയാല്‍ വിരാട് കോഹ്ലിക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാല് സെഞ്ച്വറികളുമായി പൂര്‍ത്തിയാക്കാനാകുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. വരാനിരിക്കുന്ന മത്സരത്തില്‍ സെഞ്ച്വറി നേടാനുള്ള എല്ലാ കഴിവുകളും കോഹ്ലിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയിലെ അഞ്ച് ടെസ്റ്റ് വേദികളില്‍ സെഞ്ച്വറി നേടുന്ന വിദേശ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ വിരാടിന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനൊപ്പം ചേരാമെന്ന് ഗവാസ്‌കര്‍ സൂചിപ്പിച്ചു. വിരാട് കോഹ്ലി ഓസ്ട്രേലിയയില്‍ ആകെ ഏഴ് ടെസ്റ്റ് സെഞ്ച്വറികളും അഡ്ലെയ്ഡില്‍ മൂന്ന് സെഞ്ച്വറികളും പെര്‍ത്തില്‍ രണ്ട് സെഞ്ചുറികളും മെല്‍ബണിലും സിഡ്നിയിലും ഓരോ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

മൂന്നാം ടെസ്റ്റില്‍ കോഹ്‌ലി സെഞ്ച്വറി നേടിയാല്‍ അത് ടീം ഇന്ത്യക്ക് ഗുണം ചെയ്യും. ബ്രിസ്‌ബേനില്‍ സെഞ്ച്വറി നേടിയാല്‍ അവന് ഒരു എലൈറ്റ് ക്ലബ്ബില്‍ ചേരാം. ഈ റെക്കോര്‍ഡ് സ്‌ക്രിപ്റ്റ് ചെയ്യുന്ന മൂന്നാമത്തെ സന്ദര്‍ശക ബാറ്ററായി അദ്ദേഹം മാറും.

നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളുടെ വേദിയായ മെല്‍ബണിലും സിഡ്നിയിലും അദ്ദേഹം ടണ്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതിനര്‍ത്ഥം നാലു സെഞ്ച്വറികളുമായി ഈ പര്യടനം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ട് എന്നാണ്- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 14 ശനിയാഴ്ച ബ്രിസ്ബേനില്‍ ഇറങ്ങുമ്പോള്‍ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പമാണ്. പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോഹ്ലി പുറത്താകാതെ 100 റണ്‍സ് നേടിയെങ്കിലും അഡ്ലെയ്ഡില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 18 റണ്‍സ് മാത്രമാണ് നേടിയത്.