ലീഗുമായുള്ള ബന്ധം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

മുസ്ലീം ലീഗുമായുള്ള പഴയ സിപിഎം ബന്ധം എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 1960കളില്‍ സിപിഎം ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

മുസ്ലീം ലീഗ് എംഎല്‍എ പി ഉബൈദുള്ള മുഖ്യമന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. അതേസമയം മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു. ദേശാഭിമാനി പരിപാടിയില്‍ പങ്കെടുക്കാനെതത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.

Read more

മച്ചിങ്ങല്‍ ബൈപ്പാസിലായിരുന്നു മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മച്ചിങ്ങല്‍ ബൈപ്പാസില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.