പഞ്ചാബ് കിംഗ്‌സിന്റെ പുതിയ റിക്രൂട്ട് യുസ്‌വേന്ദ്ര ചാഹൽ, താൻ ഇതുവരെ പന്തെറിഞ്ഞതിൽ വച്ച് ഏറ്റവും കടുപ്പമേറിയ രണ്ട് ബാറ്റ്‌സ്മാൻമാരെ വെളിപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ ചാഹൽ, പന്തെറിയാൻ “വെല്ലുവിളി” ഉള്ള രണ്ട് ബാറ്റ്‌സ്മാൻമാരെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് സംസാരിച്ചത്,
ഹെൻറിച്ച് ക്ലാസണും നിക്കോളാസ് പൂരനും ആണ് നേരിടാൻ ബുദ്ധിമുട്ട് തോന്നിയ ബാറ്റ്സ്മാൻ എന്ന് അദ്ദേഹം വിശദീകരിച്ചു. എന്നിരുന്നാലും, തനിക്ക് എതിരായ ബാറ്റ്‌സ്മാന്റെ നിലവാരം കണ്ട് താൻ ഒരിക്കലും അമ്പരന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഹെൻറിച്ച് ക്ലാസൻ ഒരാൾ, നിക്കോളാസ് പൂരൻ മറ്റൊരാൾ. അവർക്ക് വളരെയധികം ശക്തിയുണ്ട്, ചിലപ്പോൾ എഡ്ജുകൾ പോലും സിക്സറുകളിലേക്ക് പറക്കും. അവർ വെല്ലുവിളി ഉയർത്തുന്ന താരങ്ങളാണ്. അവർ എനിക്ക് എതിരെ സിക്സറുകൾ പറത്തിയിട്ടുണ്ട്, അവർക്കെതിരെ നന്നായി ചെയ്തിട്ടും ഉണ്ട്. പക്ഷേ, ഞാൻ പന്തെറിയുമ്പോൾ, ഞാൻ പേര് നോക്കുന്നില്ല. നിങ്ങൾ അവരുടെ പ്രശസ്തി നോക്കുമ്പോൾ, അത് നിങ്ങളുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കും. എന്റെ പക്കൽ പന്തുണ്ട്, ബാറ്റും അവരുടെ പക്കലുണ്ട്. എന്റെ മനസ്സാണ് എനിക്ക് എല്ലാം. ഞാൻ എപ്പോഴും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ധരിച്ചതുപോലെ ചാഹൽ പറഞ്ഞു.
159 ഇന്നിംഗ്‌സുകളിൽ നിന്ന് 205 വിക്കറ്റുകളുമായി ചാഹൽ, ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ്. ഈ സീസണിൽ പഞ്ചാബിന്റെ ഭാഗമായിട്ട് ഇറങ്ങുമ്പോൾ താരത്തിൽ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്.