വീണയുടെ മാസപ്പടി കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം; ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍

മാസപ്പടി കേസില്‍ വീണ വിജയനെ എസ്ഫ്‌ഐഒ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തും.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.

സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.

അടുത്തദിവസം തന്നെ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിക്കും. യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.