IPL 2025: ആകാശത്തിന് കീഴിലെ ഏത് റെക്കോഡും ഞാൻ തൂക്കും എന്ന വാശിയാണ് അയാൾക്ക്, ചരിത്രത്തിലേക്ക് കണ്ണുംനട്ട് കോഹ്‌ലി; ലക്ഷ്യമിടുന്നത് വമ്പൻ നേട്ടം

ഇന്ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2025 ലെ 24-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) നേരിടാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) പോകുകയാണ്. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീം സ്വന്തം നാട്ടിൽ ആദ്യ വിജയം നേടാനാണ് ലക്ഷ്യമിടുന്നത്. അവരുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ബാറ്റിംഗിൽ എങ്ങനെ പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ സാധ്യതകളും എന്ന് പറയാം. അതേസമയം റെക്കോഡുകളും കളിത്തോഴൻ കോഹ്‌ലി മറ്റൊരു റെക്കോഡിന്റെ വക്കിലാണ് ഇപ്പോൾ നില്കുന്നത്.

ഡിസിക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി 50 റൺസ് നേടിയാൽ, ടി20 ക്രിക്കറ്റിൽ 100 ​​അർദ്ധസെഞ്ച്വറികൾ എന്ന നേട്ടം സ്വന്തമാക്കാൻ താരത്തിന് സാധിക്കും. അങ്ങനെ, ഏറ്റവും ചെറിയ ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി അദ്ദേഹം മാറും. ഡേവിഡ് വാർണറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനും അദ്ദേഹം ആകും. ടി20 കരിയറിൽ വാർണറിന് 108 അർദ്ധസെഞ്ച്വറികൾ ഉണ്ട്.

ടി 20 യിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ

ഡേവിഡ് വാർണർ- 108
വിരാട് കോഹ്‌ലി- 99
ബാബർ അസം- 90
ക്രിസ് ഗെയ്ൽ- 88
ജോസ് ബട്ട്‌ലർ- 86

സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ആർസിബി ഒരൊറ്റ മത്സരത്തിൽ മാത്രമാണ് തോറ്റത്. അവർ ഇന്ന് നേരിടുന്ന ഡൽഹി ആകട്ടെ സീസണിൽ കളിച്ച എല്ലാ മത്സരവും ജയിച്ച ഏക ടീമായി നിൽക്കുന്നു.