IPL 2025: എന്തൊരു ആക്രാന്തമാണ് ചീക്കു നിനക്ക്, ആകെ ഉള്ള അടിപൊളി റെക്കോഡും നീ തൂക്കുമോ; രോഹിത്തിന് പണി കൊടുക്കാൻ കോഹ്‌ലി

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇനി അവരുടെ ഐപിഎൽ ടീമുകളുടെ നായകന്മാരായി ഒരിക്കലും വരാൻ സാധ്യത ഇല്ല. പക്ഷേ അവരുടെ സ്വാധീനം ഏറ്റവും മികച്ചതായി തുടരുകയാണ് ഇപ്പോഴും. രണ്ട് ഇതിഹാസങ്ങളും അവരുടെ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യൻസിനെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും ഏറ്റവും മികച്ചവരായി നിലനിർത്തുന്നതിൽ തങ്ങളുടെ ബ്രാൻഡ് വാല്യൂ കൊണ്ട് പങ്ക് വഹിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പല റെക്കോഡുകളും ഈ കാലയളവിൽ തൂക്കിയ താരങ്ങൾ ഇപ്പോൾ മത്സരിക്കുന്നത് തമ്മിൽ തമ്മിൽ പുതിയ നേട്ടങ്ങൾക്ക് വേണ്ടിയാണ്.

ഇനി ഇവരുടെ അടുത്ത മത്സരം, ആർക്കാണ് കൂടുതൽ സിക്സറുകൾ അടിക്കാൻ കഴിയുക എന്നതിനെക്കുറിച്ചാണ്. ഐപിഎല്ലിൽ സിക്സർ രാജാവായി ക്രിസ് ഗെയ്ൽ തുടരുന്നു, 357 സിക്സറുകളുമായി താരമാണ് ഒന്നാം സ്ഥാനത്ത് നിൽകുന്നത്. ഈ റെക്കോർഡ് ഒരിക്കലും മറികടക്കാൻ കഴിയാത്ത നിലയിലാണ് നിൽക്കുന്നത് എന്ന് പറയാം . ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ നോക്കിയാൽ, രോഹിത് ശർമ്മ 256 ഇന്നിംഗ്സുകളിൽ നിന്ന് 282 സിക്സറുകളുമായി മുന്നിലാണ്. തൊട്ടുപിന്നിൽ 248 ഇന്നിംഗ്സുകളിൽ നിന്ന് 278 സിക്സറുകളുള്ള വിരാട് കോഹ്‌ലിയുണ്ട്.

വെറും നാല് സിക്സറുകളുടെ വ്യത്യാസം ആണ് ഇവർ തമ്മിൽ ഉള്ളത്. സീസമിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കോഹ്‌ലിക്ക് ആ റെക്കോഡും എളുപ്പത്തിൽ തൂക്കാൻ സാധിക്കും. രോഹിതത്തിനെ സംബന്ധിച്ച് സീസണിൽ ഇതുവരെ മികവ് കാണിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്നതാണ് കടുത്ത ആരാധകരെ സങ്കടപെടുത്തുന്ന കാര്യം.

“ഹിറ്റ്മാൻ” എന്നറിയപ്പെടുന്ന രോഹിത് അനായാസമായി സിക്സ് അടിക്കുന്നതിന്റെ പേരിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ആളാണ്. മറുവശത്ത്, കോഹ്‌ലി പരമ്പരാഗതമായി ടൈമിംഗിലും ഗ്രൗണ്ട് ഷോട്ടുകളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ, ആർ‌സി‌ബിക്കായി ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി കൂടുതൽ ആക്രമണാത്മക സമീപനം കാണിക്കുന്നുണ്ട്.

രോഹിത് ഫോമിലേക്ക് എത്താൻ പാടുപെടുന്നതും കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായതിനാൽ, ഐ‌പി‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാൻ വിരാടിന് ഇപ്പോൾ നല്ല അവസരമുണ്ട്.

Read more