ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി അപ്പീൽ തള്ളിയത്.

നേരത്തെ ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് മകൾ സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചായിരുന്നു തള്ളിയത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിം​ഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി കോടതിയിലെത്തിയത്. നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിന്‍റെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.