സിഐടിയു ഗുണ്ടായിസം 20 രൂപയ്ക്ക് വേണ്ടി; ബിപിസിഎല്‍ ഡ്രൈവറെ മര്‍ദ്ദിച്ചത് അതിക്രൂരമായി; പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍മാര്‍

തൃശൂരില്‍ ലോഡിറക്കാനെത്തിയ കൊച്ചി ബിപിസിഎല്‍ പാചക വാതക പ്ലാന്റിലെ കരാര്‍ ഡ്രൈവറെ സിഐടിയു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചത് 20 രൂപ കുറഞ്ഞെന്ന് ആരോപിച്ച്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി ബിപിസിഎല്‍ പാചക വാതക പ്ലാന്റിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ ഏഴ് ജില്ലകളിലേക്കുള്ള പാചക വാതക വിതരണം നിലച്ചു.

കാലടി സ്വദേശി ശ്രീകുമാറിനെയാണ് 20 രൂപ കുറഞ്ഞെന്ന് ആരോപിച്ച് സിഐടിയു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ തൃശൂര്‍ കൊടകര ശ്രീമോന്‍ ഏജന്‍സിയില്‍ ലോഡിറക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ലോഡിറക്കാന്‍ കരാര്‍ തുകയേക്കാള്‍ 20 രൂപ കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

സംഭവത്തിന് പിന്നാലെ ശ്രീകുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ പിടിച്ചുവയ്ക്കുകയും മറ്റേയാള്‍ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മര്‍ദ്ദനം തടയാന്‍ ഏജന്‍സിയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സിഐടിയു തൊഴിലാളികള്‍ ഡ്രൈവറെ മര്‍ദ്ദിച്ച് നിലത്തിടുകയായിരുന്നു.

ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയച്ചെങ്കിലും രാത്രിയില്‍ കൂടുതല്‍ ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ബിപിസിഎല്‍ ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്.