സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടും; സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി സിഐടിയു നേതാവ്

സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി സിഐടിയു നേതാവ് പിപി പ്രേമ. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സിഐടിയുവിന്റെ ആശാ വര്‍ക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പിപി പ്രേമ പറഞ്ഞു. ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും പ്രേമ കൂട്ടിച്ചേര്‍ത്തു.

ആശ വര്‍ക്കര്‍മാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ് എന്നും പ്രേമ ആരോപിച്ചു. കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ ആശാ പ്രവര്‍ത്തകരുടെ സമരത്തിന് സിഐടിയു സംഘടിപ്പിച്ച ബദല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു പ്രേമ. അച്യുതാനന്ദന്‍ സര്‍ക്കാരാണ് ആശമാര്‍ക്ക് വേണ്ടി നിലപാട് എടുത്തതെന്നും പ്രേമ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരം തെറ്റാണെന്ന് പറയുന്നില്ല. ആരുടെ സ്‌കീം ആണ് എന്‍എച്ച്എം. ആരാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. ആശമാര്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഒരു വര്‍ഷം ഈ തുക കേരളമാണ് നല്‍കിയതെന്നും പ്രേമ കൂട്ടിച്ചേര്‍ത്തു.

Read more

സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഗൂഢാലോചന ഉണ്ട്. തൊഴിലാളികളെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആനുകൂല്യങ്ങള്‍ തരാത്തവര്‍ക്കെതിരെ ഒന്നിച്ചു സമരം ചെയ്യാന്‍ തയ്യാറാണെന്നും പ്രേമ പറഞ്ഞു.