വെണ്ണക്കരയില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം; അവസാന മണിക്കൂറില്‍ മികച്ച പോളിംഗ്

പാലക്കാട് വെണ്ണക്കരയില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയതിന് പിന്നാലെ ആയിരുന്നു സംഘര്‍ഷം ഉടലെടുത്തത്. എല്‍ഡിഎഫ് ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ ബൂത്തിനുള്ളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇരു പാര്‍ട്ടിക്കാരും ചേര്‍ന്ന് അനാവശ്യമായി സംഘര്‍ഷമുണ്ടാക്കിയെന്നാണ് രാഹുലിന്റെ വാദം.

പാലക്കാട് ഇതുവരെ 67.53 ശതമാനം പോളിംഗ് നടന്നു. രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്ക്ക് ശേഷം കരുത്താര്‍ജിക്കുകയായിരുന്നു. പാലക്കാട് നഗരസഭയില്‍ ഇതുവരെ 66.42 ശതമാനവും കണ്ണാടി പഞ്ചായത്തില്‍ 66.33 ശതമാനവും പിരിയാരിയില്‍ 67.55 ശതമാനവും മാത്തൂരില്‍ 64.63 ശതമാനവുമാണ് പോളിംഗ്.

Read more

2021 നിയമസഭ തിരഞ്ഞെടുപ്പില്‍ 75 ശതമാനമായിരുന്നു പാലക്കാട്ടെ പോളിംഗ്. ശക്തമായ ത്രികോണ പോരാട്ടത്തില്‍ മുന്നണികള്‍ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗില്‍ കാര്യമായി പ്രതിഫലിച്ചില്ല.