മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു. ചോർന്ന പുസ്തകം ബ്ലോഗിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് എസ്‌സിഇആർടി.
ഇക്കൊല്ലം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോർന്നത്. ബയോളജി പുസ്തകം വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് ബ്ലോഗിൽ അപ്‌ലോഡ് ചെയ്തത്. അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ചോർന്ന പുസ്തകങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബയോളജി പുസ്തകത്തിന്റെ പിഡിഎഫും കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതുമാണ് പ്രചരിക്കുന്നത്. ചോർച്ച കേസിൽ കർശനടപടിയെടുക്കുമെന്ന് എസ്‌സിഇആർടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) ഡയറക്ടർ ആർ കെ ജയപ്രകാശ് പറഞ്ഞു.