ഉദ്യോഗസ്ഥരുടെ കൂട്ടഅവധി, തൊട്ടുതാഴെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി പി.എസ്‌.സി

ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി പിഎസ്‌സി. 26 ഉദ്യോഗസ്ഥര്‍ ഒന്നിച്ച് ഒരു മാസത്തെ അവധിയില്‍ പോകുന്നതിന് പിന്നാലെയാണ് പിഎസ്‌സിയുടെ വിചിത്ര ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍ ഇത് ചട്ടപ്രകാരമുള്ളതും, ഏറെ കാലമായി തുടരുന്ന രീതിയാണെന്നുമാണ് പിഎസ്‌സി നല്‍കുന്ന വിശദീകരണം.

ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഒരേ സമയം അവധിയില്‍ പോകുന്നതിന്റെ കാരണം വ്യക്തമല്ല. അഡീഷണല്‍ സെക്രട്ടറി തൊട്ട് സെക്ഷന്‍ ഓഫീസര്‍ വരെ അവധിയിലായിരിക്കും. മെയ് 3 മുതല്‍ 31 വരെയാണ് അവധി. ജൂണ്‍ ഒന്നിന് തിരികെ കേറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ തൊട്ട് താഴെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി.

ഈ സമ്പ്രദായം സര്‍ക്കാരും അക്കൗണ്ട്‌സ് ജനറലും അംഗീകരിച്ചതാണെന്ന്് പിഎസ്‌സി പറഞ്ഞു. പിഎസ്‌സി ഭരണഘടനാ സ്ഥാപനമായതിനാലും സുപ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നതിനാലുമാണ് സ്ഥാനക്കയറ്റം അനുവദിച്ചിരിക്കുന്നത്.

Read more

അതേസമയം അഡീഷണല്‍ സെക്രട്ടറി അവധിയിലാണെങ്കില്‍ അതേ റാങ്കിലുള്ള മാറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറിക്കൂടേയെന്നാണ് വിമര്‍ശനം ഉയരുന്നത്. ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനാല്‍ യൂണിയനുകള്‍ പരാതിപ്പെടുന്നില്ല എന്നും ആക്ഷേപമുണ്ട്.