ആകാശംമുട്ടെ ഉയർന്ന ചൈനയുടെ 'വൻ' പാലം! യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിലേക്ക്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം !

വീണ്ടും വീണ്ടും തങ്ങളുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമ്മിക്കുക എന്ന നേട്ടമാണ് ചൈനീസ് എഞ്ചിനീയർമാർ ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. ചൈനയിലെ ഹുവാജിയാങ്ങിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ നിർമ്മാണം കാണിക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇതിൽ പാലത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാർ ജോലികൾ ചെയ്യുന്നത് കാണാനാകും. ഈ വർഷം പാലം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ ഗോൾഡൻ ഗേറ്റ് പാലത്തേക്കാൾ 9 മടങ്ങ് ഉയരമുള്ളതാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം. പാരീസിലെ ഈഫൽ ടവറിന്റെ ഇരട്ടി ഉയരമുണ്ട് ഈ പാലത്തിന്.

ഉയരം വളരെ കൂടുതലായതിനാൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പാലത്തിലൂടെ മേഘങ്ങൾ കടന്നുപോകുന്നത് വരെ കാണാൻ കഴിയും. ബീപാൻ നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തിന് 2.9 കിലോമീറ്റർ നീളവും നദിയിൽ നിന്ന് 2050 അടി ഉയരവുമാണ് ഉള്ളത് റിപോർട്ടുകൾ പറയുന്നത്. 93 ഭാഗങ്ങളായാണ് പാലത്തിന്റെ മധ്യഭാഗം നിർമ്മിച്ചിരിക്കുന്നത്. ആകെ 22,000 ടൺ ഭാരമുണ്ട് ഈ പാലത്തിന്. ഇത് ഐഫൽ ടവറിന്റെ ആകെ ഭാരത്തിന്റെ മൂന്നിരട്ടിയാണ്.

ഉദ്ഘാടനത്തോടെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് ഈ പാലം. എന്നിരുന്നാലും നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന പദവി ചൈനയ്ക്ക് തന്നെയാണ്. ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തിന് ഏകദേശം 320 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഗുയിഷോ പ്രവിശ്യയിലെ ബെയ്പാൻജിയാങ് പാലമാണിത്. നാല് വരി ഗതാഗതമുള്ള ഈ പാലം 2016 ലാണ് പൂർത്തിയായത്. ബെയ്പാൻ നദിക്ക് മുകളിലൂടെ 1788 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്.

ഹുവാജിയാങ് പാലം തുറന്നതിനുശേഷം നാട്ടുകാർക്ക് യാത്രകൾക്ക് വലിയ ആശ്വാസം ലഭിക്കും. നിലവിൽ, വലിയ താഴ്‌വര കടക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടതുണ്ട്. എന്നാൽ ഈ വലിയ പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു കഴിഞ്ഞാൽ ഈ ദൂരം വെറും 2 മുതൽ 3 മിനിറ്റ് വരെയായി കുറയും. 292 മില്യൺ ഡോളർ ചെലവിൽ നിർമ്മിക്കുന്ന ഈ പാലത്തിന്റെ നിർമ്മാണം 2022 ലാണ് ആരംഭിച്ചത്. വെറും മൂന്ന് വർഷത്തിനുള്ളിൽ പാലം തുറന്നു കൊടുക്കാൻ ഏറെക്കുറെ തയ്യാറായി കഴിഞ്ഞു എന്നതാണ് പ്രത്യേകത.