'സമുദായ നേതാക്കന്‍മാര്‍ സംസാരിക്കുന്നത് അവരുടെ സമുദായത്തിന് വേണ്ടി'; വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിൽ ജോര്‍ജ് കുര്യന്‍

സമുദായ നേതാക്കന്‍മാര്‍ സംസാരിക്കുന്നത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തിൽ നമ്മൾ എന്തിനാണ് എന്തെങ്കിലും പറയുന്നതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിലാണ് ജോര്‍ജ് കുര്യന്റെ പരാമർശം.

സമുദായ നേതാക്കന്‍മാര്‍ അവരുടെ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്. അതിനകത്ത് നമ്മള്‍ എന്തിനാണ് എന്തെങ്കിലും പറയുന്നത്. അവരുടെ സമുദായം വേണ്ടായെന്ന് എനിക്ക് പറയാന്‍ പറ്റുമോ? എന്ന് ജോര്‍ജ് കുര്യന്‍ ചോദിച്ചു. അതേസമയം വഖഫ് ഭേദഗതി നിയമത്തിന് കൂടൂതല്‍ പിന്തുണ ലഭിച്ചെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കശ്മീര്‍ വരെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അവിടുത്തെ മുസ്ലീം സമുദായത്തില്‍പെട്ടവര്‍ വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.

അതേസമയം മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയിൽ കേസെടുക്കാനാകില്ലെന്ന് നിയമോപദേശ ലഭിച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ലെന്നാണ് നിയമോപദേശം. വിഷയത്തിൽ എട്ട് പരാതികൾ ലഭിച്ച എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്.

മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ നിരവധി പേരാണ് വിമർശിച്ച് രംഗത്തെത്തിയത്. വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു ആരോപണം.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിശദീകരണം.