തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കഴകത്തിന് നിയമിതനായ ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശി വിഎ ബാലുവിനെതിരെയാണ് ജാതി വിവേചനം നേരിടുന്നതായി പരാതിയുള്ളത്. തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാലുവിനെ മാറ്റിനിര്‍ത്തിയെന്നാണ് പരാതി.
പിന്നോക്കക്കാരനായ ബാലുവിനെ ക്ഷേത്ര ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം. ക്ഷേത്രത്തിലെ ശുദ്ധ ക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിന്നു. നടക്കാനിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകളെ പ്രതിഷേധം ബാധിക്കുമെന്ന ഭയത്തില്‍ ദേവസ്വം ബോര്‍ഡ് ബാലുവിനെ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി മാറ്റുകയായിരുന്നു.
Read more
ദേവസ്വം ബോര്‍ഡിന്റെ വിപ്ലവകരമായ തീരുമാനമായിരുന്നു കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം മാലകെട്ട് പ്രവര്‍ത്തിക്ക് ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ടയാളെ നിയമിച്ചത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരീക്ഷ പാസായി ലഭിച്ച നിയമനമാണ് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മാറ്റിയത്. എന്നാല്‍ സാങ്കേതികമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് നടപടി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.