വാളയാർ പെൺകുട്ടിയുടെ അമ്മയുടെ പരാതി; അഡ്വ. ഹരീഷ് വാസുദേവനെതിരെ കേസ്

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകി.

പാലക്കാട് മണ്ണാർക്കാട് എസ്സി, എസ്ടി സ്പെഷ്യൽ കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തലേദിവസം ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരവും എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ്.

പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

വാളയാർ സംഭവത്തിൽ വേദനയുണ്ടെന്നും എന്നാൽ കേസിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ വ്യക്തമാണെന്നുമായിരുന്നു ഹരീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ആദ്യ മകൾ തൂങ്ങി മരിച്ചപ്പോൾ മാതാപിതാക്കൾക്ക് പരാതി ഉണ്ടായിരുന്നില്ലെന്നും ഒരിക്കൽ അച്ഛനും മറ്റൊരിക്കൽ ഒരു പ്രതിയും പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്നും തുടങ്ങി ​ഗുരുതര ആരോപണങ്ങളാണ് ഹരീഷ് വാസുദേവൻ നടത്തിയത്.