സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അഭിപ്രായം പറഞ്ഞതിന് പരിഹസിച്ചവർക്കും ‘മതകീയ’ നിലപാടായി ചിത്രീകരിച്ചവർക്കും മറുപടിയുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രസ്തുത നിലപാടിൽ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ലെന്നും പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കുന്നത് നന്നാവുമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തിൽ സഖാക്കൾ കെട്ടിപൊക്കിയ മാധ്യമ സൈബർപട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാൻ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞതെന്നും ഫാത്തിമ തുറന്നടിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിൽ ഊന്നിയുള്ള പ്രസ്തുത നിലപാടിൽ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. ഞാൻ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉൾക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ ‘മതകീയ’ നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാർ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്റെ അതേ വാദമാണ് അവർ സംസാരിച്ചത്. സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തിൽ സഖാക്കൾ കെട്ടിപൊക്കിയ മാധ്യമ സൈബർപട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാൻ കഴിയും. ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാർ വളർന്നത് എന്നോർക്കുന്നത് നന്നാവും.