കലൂർ സ്റ്റേഡിയത്തിൽ നർത്തകിയും നടിയുമായ ദിവ്യ ഉണ്ണിയുടെ ഗിന്നസ് പരിപാടിയുടെ ഇടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും. ശ്വാസകോശത്തിന്‍റെ പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയിൽ ആശങ്ക പ്രകടമായ സാഹചര്യത്തിലാണ് നിരീക്ഷണം തുടരുന്നത്. ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നുമാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുന്ന ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും എന്നിരുന്നാലും ശ്വാസകോശത്തിനേറ്റ് ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെളളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
അതേസമയം ഇതിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിൽ കൂടി കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്. സർക്കാർ നിയോഗിച്ച ഡോക്ടർ ജയകുമാറിന്‍റെ നേതൃത്വത്തിൽ കാർഡിയോവാസ്കുലാർ, ന്യൂറോളജി, പൾമണോളജി വിഭാഗത്തിലെ വിദഗ്ധർ ഉൾപ്പെടുന്ന സംഘം ഇന്ന് റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രോഗിയെ സന്ദർശിച്ച് മടങ്ങി. നൽകിക്കൊണ്ടിരിക്കുന്ന ചികിത്സയിലും രോഗിക്ക് ഉണ്ടായിട്ടുള്ള പെട്ടെന്നുള്ള പുരോഗതിയിലും പ്രസ്തുതസംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നും കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
അതേസമയം നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ സിജോയ് വർഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍ നിര്‍ദേശിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനായി കസ്‌റയിൽ നിന്ന് എഴുനേറ്റ് വശത്തുനിന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കാലിടറുകയായിരുന്നു.
വീഴാന്‍ പോകുന്നതിനിടെ റിബണ്‍ കെട്ടിവച്ച കമ്പിയില്‍ പിടിക്കുന്നുണ്ടെങ്കിലും റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു. ആകെ ചെറിയ സ്ഥലം മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്ത് വരുന്നത്.