കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസ്; തൃക്കാക്കരയിലെ ഫലം സര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകും: എ.കെ ആന്റണി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലല്ല മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങള്‍ ദുരിതത്തിലാണ്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര താക്കീത് നല്‍കുമെന്നും എകെ ആന്റണി പറഞ്ഞു.

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. പലകാര്യങ്ങളും നടപ്പാക്കിയത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. തന്റെ കാലത്താണ് ദ്വീപുകളിലേക്ക് പാലം യാഥാര്‍ത്ഥ്യനമാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് കൊച്ചി മെട്രോയെന്നും വികസന പരിപാടികളെല്ലാം തല്ലിത്തകര്‍ത്തവരാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.

Read more

ജനങ്ങളോട് പ്രതിബദ്ധതയില്ലാതെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെ തൃക്കാക്കര മണ്ഡലത്തില്‍ തമ്പടിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി ക്രമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം വികസനവിരോധികളാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഇല്ലായിരുന്നെങ്കില്‍ കേരളം ഇതിലും നന്നായി മുന്നോട്ട് പോകുമായിരുന്നു എന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.