കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മുല്ലപ്പള്ളിയെ മാറ്റിയേക്കും, ഡൽഹിയിലെ ചര്‍ച്ചകള്‍ നിര്‍ണായകം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാദ്ധ്യത. സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് സൂചന. ഹെെക്കമാൻഡും കേരളാ നേതാക്കളും തമ്മില്‍ തിങ്കളാഴ്ച ഡൽഹിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും ഡിസിസി പുനഃസംഘടനയിലും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുല്ലപ്പള്ളിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ഉന്നയിക്കും. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

തദ്ദേശ തോൽവിക്ക് ശേഷമുള്ള അഴിച്ചുപണിയെ കുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. ഉമ്മൻചാണ്ടിയെ തിര‍ഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കണമെന്ന നിർദ്ദേശമാണ് കൂടുതൽ സജീവമായി ഉയരുന്നത്. അതിനുമപ്പുറം പാർട്ടി അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെ കുറിച്ചും ആലോചനകളുമുണ്ട്. അത്തരമൊരു ധാരണക്ക് ഹൈക്കമാൻഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണ വഴി ഗ്രൂപ്പ് പോര് കുറയ്ക്കാനാകുമെന്നും അല്ല ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായങ്ങൾ പാർട്ടിയിലുണ്ട്.