വിവാദ ശബരിമല ചെമ്പോല പുരാവസ്തു അല്ല; ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പുറത്ത്

ശബരിമലയുടേതെന്ന പേരില്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും പിടിച്ചെടുത്ത ചെമ്പോല പുരാവസ്തുവല്ലെന്ന് റിപ്പോര്‍ട്ട്. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ചെമ്പോല പുരാവസ്തു അല്ലെന്ന് വ്യക്തമാക്കുന്നത്. ചെമ്പോലയടക്കം പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധിച്ചത്.

അതെസമയം മോന്‍സന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രണ്ട് നാണയങ്ങള്‍ പുരാവസ്തു മൂല്യം ഉള്ളവയെന്ന് കണ്ടെത്തി. ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത നാണയങ്ങളെന്നായിരുന്നു മോന്‍സന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത്രയും പഴക്കമില്ലെങ്കിലും പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍. മോന്‍സന്റെ കലൂരിലെ മ്യൂസിയത്തില്‍ നിന്ന് പിടിച്ചെടുത്ത മരപ്പിടിയുള്ള കുന്തവും പുരാവസ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ശബരിമല വ്യാജ ചെമ്പോല പുരാവസ്തുവാണെന്നായിരുന്നു നേരത്തെ മോന്‍സന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസ് വന്നതോട്കൂടിയാണ് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ ചെമ്പോല അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ചെമ്പോല വ്യാജമെന്ന് തെളിഞ്ഞു. ഇതോടെ ചെമ്പോല എന്തിന് നിര്‍മ്മിച്ചു എന്നതടക്കമുള്ള വിഷയങ്ങളിലേക്ക് അന്വേഷണം നീളും.