വിനായകന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതാണെന്ന കുടുംബത്തിന്റെ പരാതിയില്‍ തൃശൂര്‍ എസ്‌സി-എസ്ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ആത്മഹത്യ ചെയ്ത തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ പൊലീസ് മര്‍ദ്ദിച്ചതായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാവറട്ടി സ്റ്റേഷനിലെ സിപിഒമാരായ ടിപി ശ്രീജിത്ത്, കെ സാജന്‍ എന്നിവര്‍ മര്‍ദ്ദിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. 2017 ജൂലൈ 17ന് സുഹൃത്തുമായി സംസാരിച്ച് നിന്ന വിനായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുടുംബം വിനായകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയതോടെ വിട്ടയച്ചെങ്കിലും യുവാവിനെ പിറ്റേ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ലോകായുക്തയിലും കുടുംബം പരാതി നല്‍കിയിരുന്നു.

കേസില്‍ എസ്‌സി-എസ്ടി വകുപ്പ് പ്രകാരം കേസെടുക്കാത്തതിനെ ലോകായുക്ത കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ എസ്‌സി-എസ്ടി ആക്ടും ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന വകുപ്പും ചേര്‍ത്ത് കേസെടുത്തത്.