അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; നടന്നത് ഭരണകൂട ഭീകരതയാണെന്നും സി.പി.ഐ സംഘം

അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ പ്രതിനിധി സംഘം. പൊലീസ് ഒരുക്കിയ തിരക്കഥ പ്രകാരമാണ് എല്ലാം നടന്നതെന്നും സംഘം പറഞ്ഞു. പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന മേലെ മഞ്ചിക്കണ്ടി വനത്തിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സി.പി.ഐ പ്രതിനിധി സംഘം. ഭരണകൂട ഭീകരതയാണ് അട്ടപ്പാടിയില്‍ നടന്നതെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് പറഞ്ഞു.

പ്രദേശവാസികളുമായി സംസാരിക്കുമ്പോഴും സ്ഥലം സന്ദര്‍ശിക്കുമ്പോഴും ബോദ്ധ്യപ്പെടുന്നത് ഇത് വ്യാജമായ ഏറ്റുമുട്ടലാണെന്നാണ്. മാവോയിസ്റ്റുകള്‍ ഭക്ഷണം മോഷ്ടിക്കുകയോ സ്ത്രീകളെയോ കുട്ടികളെയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നതെന്നും പി പ്രസാദ് പറഞ്ഞു.

പൊലീസ് വിധികര്‍ത്താക്കളായി മാറുന്ന രീതി പ്രാകൃതമാണെന്ന് പറഞ്ഞ പി പ്രസാദ്, സംഭവിച്ചതെന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വവും കടമയും കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാരിനുണ്ടെന്നും വ്യക്തമാക്കി. പൊലീസ് പറയുന്നത് അതുപോലെ ആവര്‍ത്തിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഐ പ്രതിനിധി മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും ഇക്കാര്യത്തില്‍ തൃപ്തികരമല്ലെന്നും വ്യക്തമാക്കി.

Read more

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്‌സിന്‍, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.