കോട്ടയം നിയമസഭ മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തെ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം പാരാജയത്തിനു കാരണമായെന്നുമാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാഥമിക നിഗമനം. തുഷാര്‍ എസ്എന്‍ഡിപി വോട്ടുകള്‍ കൂടുതലായി പിടിച്ചു.
ഏറ്റുമാനൂരില്‍ നിയോജക മണ്ഡലത്തില്‍ വോട്ടു കുറയുന്നത് തടയാന്‍ മന്ത്രി വി.എന്‍ വാസവനും കഴിഞ്ഞില്ല. അദേഹം ഏറ്റുമാനൂരില്‍ പ്രചരണത്തിന് ഇറങ്ങിയില്ല. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നതിനാല്‍ പലപ്പോഴും കോട്ടയത്ത് കേന്ദ്രീകരിക്കാന്‍ വാസവനു സാധിച്ചില്ലെന്നും കോട്ടയത്തുണ്ടായിരുന്ന നേതാക്കള്‍ക്ക് വോട്ടു ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്നും കേരള കോണ്‍ഗ്രസ് പറയുന്നു.
Read more
ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന തോന്നലും വികാരവും യുഡിഎഫിനു ഗുണമായെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോസ് കെ. മാണി. നിലവില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗമില്ലാതിരിക്കുന്നത് കേരള കോണ്‍ഗ്രസിനെ വലച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ഒഴിവ് വരുന്ന രണ്ടു രാജ്യ സഭ സീറ്റുകളില്‍ ഒന്നു വേണമെന്ന കടുംപിടുത്തം പിടിക്കാനും പാര്‍ട്ടിയില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.