പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും തീരുമാനം, ഔദ്യോഗിക അറിയിപ്പ് ഉടൻ

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താൻ അടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല.

അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോ​ഗിക അറിയിപ്പ് ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം, പാർട്ടി ചിഹ്നമല്ലാത്തതിനാൽ അൻവറിനെ ഔദ്യോഗികമായി പുറത്താക്കാൻ സിപിഎമ്മിന് പരിമിതിയുണ്ട്.

അതേസമയം എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അൻവർ എംഎൽഎ വ്യക്തമാക്കിയിരുന്നു. എം എൽ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. വിവാ​ദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു.

Read more